തിരുവനന്തപുരം: സംസ്ഥാനത്ത് 10 വർഷം ലോഡ് ഷെഡിംഗ് ഉണ്ടായിരുന്നില്ലെന്ന് പറയുന്നത് തെറ്റായ കാര്യമാണെന്ന് കെഎസ്ഇബി മുന്‍ ചെയര്മാന് ബിജു പ്രഭാകര്‍. താൻ ചെയർമാനായിരുന്ന കാലത്ത് രഹസ്യമായി ലോഡ് ഷെഡിംഗ് നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ അറിയാതെ തന്നെ പവര്‍കട്ട് ചെയ്യാന്‍ സാധിക്കും. ലോഡ് ഷെഡിംഗിന്റെ പേരിൽ സർക്കാരിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും ബിജു പ്രഭാകർ പറഞ്ഞു. താന്‍ എഴുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈദ്യുതി നിയന്ത്രണം എന്നത് പ്രൊഫഷണല്‍ എഞ്ചിനീയര്‍മാര്‍ കൈകാര്യം ചെയ്യേണ്ട കാര്യമാണ്. 2200 മെഗാവാട്ട് ഹൈഡ്രോ പ്രോജക്ട് നമുക്കുണ്ടെങ്കിലും മഴക്കാലത്ത് എത്രയെണ്ണം കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബിജു പ്രഭാകർ ചോദിച്ചു.
കൂടംകുളത്ത് സമരം ചെയ്തവര്‍ ഇപ്പോള്‍ കേരളത്തിലേക്ക് വൈദ്യുതി വാങ്ങുകയാണ്. തനിക്ക് ഇന്നും കോൺഗ്രസിനോട് ആണ് താത്പര്യമെന്ന് പറഞ്ഞ ബിജു പ്രഭാകർ സ്കൂള്‍ കാലത്ത് നക്സല്‍ ആശയങ്ങള്‍ സ്വാധീനിച്ചിരുന്നുവെന്നും കൂട്ടിച്ചേർത്തു.